സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. താല്‍ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികളാണ് കഷ്ടപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാതെ സര്‍വകലാശാലകള്‍ എങ്ങനെ മുന്നോട്ടു പോകുമെന്നും സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയം ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കുക ലക്ഷ്യമിട്ട്, ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയില്‍ സ്ഥിരം വിസിമായെ നിയമിക്കുന്നതിനുള്ള നടപടി ഉടന്‍ തുടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. പുതിയ വിസിമാരെ നിയമിക്കുന്നതുവരെ, ഹൈക്കോടതി ഉത്തരവു പ്രകാരം പുറത്തുപോയ രണ്ടു വിസിമാരെ താല്‍ക്കാലിക വിസിമാരായി വീണ്ടും നിയമിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.